ആ വീടിന്റെ ഉടമ..



" ഒരു പുസ്തകമെഴുതണം : അതിൽ ജീവിതം വേണം. വെട്ടിയും തിരുത്തിയും ആരും ആരെയും അറിയാത്ത വാക്കുകളിൽ ഇരുളിനെ പുതപ്പിച്ച ചില കഥകൾ വേണം. നേരിന്റെ കഥകൾ. അത് വായിച്ച് പലരും ചോദിക്കണം, ആരെ ക്കുറിച്ചാ ന്ന് ...?"
അതും പറഞ്ഞ് ഞാൻ ചിരിച്ചു.
അവനും.
" സത്യത്തിൽ നീ എഴുതുന്നതൊക്കെ ആരെക്കുറിച്ചാ ?"
ഞാനവന്റെ കണ്ണു കളിലേക്കു നോക്കി പിന്നേയും ചിരിച്ചു. കൈകൾ ചേർത്തു പിടിച്ചപ്പോൾ വലതു കൈയ്യിലെ നീണ്ട നഖം എന്റെ കണ്ണിൽ പെട്ടു.
"അയ്യേ ഇതെന്താ? "
"ചുമ്മാ , അത് വളരും തനിയേ പൊട്ടും പിന്നേം വളരും. "
 " കൊള്ളൂല"
"ഉം" അവൻ ഉത്തരം ഒരു മൂളലിൽ ഒതുക്കി.
പിന്നെ കുറച്ചു നേരം പരസ്പരം മിണ്ടാതെ പുറത്തേക്കു നോക്കി ഇരുന്നു.
പിറകിലേക്കു പോകുന്ന ഓരോ കാഴ്ചകളിലും ഇനിയും കാണാൻ ഹൃദയം കൊതിക്കുന്ന നന്മകൾ. അവയിൽ ഗ്രാമവും സന്ധ്യയും വിട പറഞ്ഞു. അപ്പാർട്ട്മെന്റ്സും, ഹൈമാസ്റ്റ് ലൈറ്റും , മഞ്ഞ പകലുകളായ് തെളിഞ്ഞു വരുന്നു.
"ഇറങ്ങാറായി.'' ഒരു നെടുവീർപ്പോടെ ഞാനവന്റെ കണ്ണുകളിലേക്കു നോക്കി.
"അപ്പൊ എങ്ങനാ, ഇറങ്ങിയ ഉടനെ തിരിഞ്ഞു നോക്കാതെ ഓടുമായിരിക്കും ലെ "
അവനെന്നെ കളിയാക്കി.
"എന്ത് ??"
"അല്ല നല്ല ധൈര്യം ണ്ട് ലോ .അതോണ്ട് ചോദിച്ചതാ "
" ധൈര്യം ഇല്ലാണ്ടാണോ ഞാനിപ്പൊ വന്നത് ?"
"പിന്നെ ഒരു ചായ ഒരുമിച്ചു കുടിക്കാൻ പോലും പററിയില്ല. ബസ്സിലിരുന്ന പത്ത് പതിനഞ്ചു മിനിട്ട് സംസാരിക്കാൻ മാത്രം കാര്യണ്ടായി. ഭയങ്കരമായ്പോയി. ഇനി എന്നാ കാണാ? "
നടന്നകലാൻ തുടങ്ങുമ്പോഴും ഞങ്ങളുടെ വിരലുകൾ ചേർന്നു നിന്നു. പിന്നെ പറയാതെ പറഞ്ഞു.
" കൂടെ ഉണ്ടെന്ന്. എന്നും. എപ്പഴും"
കണ്ണുകൾ നിറയാൻ തുനിഞ്ഞു.
വേണ്ട.
നടന്നകന്നു.
അവന്റെ ഓർമ്മകൾ ശരിക്കും എന്റെ വീടാണ്. തിരക്കൊഴിയുമ്പോൾ ആരോടും ചോദിക്കാതെ ചെന്നു കയറാവുന്ന എന്റെ സ്വന്തം വീട്.
ഓട് മേഞ്ഞ , സിമന്റു തറയുള്ള വീട് ....
ഒരു പാടു വേദനിക്കുമ്പോൾ ചെന്ന് തണുത്ത തറയോട് കവിൾ ചേർത്തങ്ങിനെ കിടക്കും.
കണ്ണുനീർ ചാലുകൾ വീണ്, തറയിൽ അവിടവിടെ വെളുത്ത പാടുകൾ വീണു തുടങ്ങിയിരിക്കുന്നു.
എന്തു തന്നെയായാലും അതെനിക്കു സ്വർഗ്ഗമാണ്. അവിടുത്തെ ഒരോ അണുവും എന്നെ മാത്രം ആഗ്രഹിക്കുന്നു. കൃത്യമായ ഇടവേളകളിൽ ഞാനവിടുത്തെ യജമാന ത്തിയാകുന്നു. പിന്നെ യാത്ര പറയാതെ ഞാനിടത്തെ തനിച്ചാക്കി മടങ്ങിവരുന്നു ... ആവീട് നിശ്ചലമാകുന്നു.
പിന്നെയും എന്നെ കാത്തിരിക്കുന്നു...

നല്ല മഴക്കാറുണ്ട്. വണ്ടിയെടുത്ത് ഹൈവേയിലേക്ക്. പിന്നെ തിരക്കാണ്..
അവിടെ ഇന്നുകളില്ല ...
നാളെ കൾ ആർത്തിയോടെ വിഴുങ്ങാൻ കാത്തിരിപ്പാണ്, വാങ്ങേണ്ട സാധനങ്ങളുടെ നീണ്ടലിസ്റ്റ് ., ഓഫീസ്, കുട്ടികളുടെ പഠനം... അങ്ങിനെ എല്ലാം, നാളെ മയം...
പാതിയും വെട്ടിതെളിച്ച അരളിച്ചെടി കൾക്കിടയിലൂടെ അപ്പുറത്തൂടെ വരുന്ന വണ്ടികളുടെ വെളിച്ചം ഇടക്കിടെ കാഴ്ചയെ മറക്കുന്നു. അതിനിടെ നല്ല മഴയും. വണ്ടി ഓരത്തേകുനിറുത്തിയാലോ ? മഴകുറഞ്ഞിട്ട് - വേണ്ട ഇനി കുറച്ചൂടെ അല്ലേ ഉള്ളൂ. മഴയാണെങ്കിൽ തോരാനുള്ള ഭാവവുമില്ല. വേഗം കൂട്ടിയതേ ഓർമ്മയുള്ളു. ചെറുതായി പൊളിഞ്ഞ റോഡിൽ സ്കിഡായി വണ്ടി വലതു വശത്തേക്കു ചരിഞ്ഞു. തെന്നി വീണ എന്നെ ഓടി വന്നവർ എഴുന്നേൽപ്പിച്ചു. തലക്കു വേദനയുണ്ടെന്ന തൊഴിച്ചാൽ കാര്യമായ കുഴപ്പമില്ല. ആരോ വെള്ളം തന്നു. പിന്നെ പതിയേ എഴുന്നേറ്റ് വണ്ടിയെടുത്തു. അപ്പോഴും അവന്റെ ചോദ്യം ഉള്ളിൽ ഉയർന്നു. -
"ഇനി എന്നു കാണും ? "
വീട്ടിൽ ചെന്നിട്ട് വിളിക്കാം.
വീടിന്റെ അടുത്തെത്തിയപ്പോഴുണ്ട് ഗേറ്റിനു പുറത്ത് നിറച്ചാളുകൾ.
ഉള്ളൊന്നാന്തി.
ഇതെന്താ ...
അകത്തേക്കു കയറിയപ്പോൾ താഴെ തറയിൽ ആരോ വെള്ളപുതച്ചു കിടക്കുന്നു.
നിലവിളികൾക്ക് ശബ്ദം നഷ്ടമായിരിക്കുന്നു.
അടുത്തു ചെല്ലുന്തോറും തണുപ്പെന്നെ ആർത്തിയോടെ വലിച്ചടുപ്പിക്കുന്നു.
ചോരയുടെ ചെമന്ന നീർച്ചാലിൽ തല മരവിച്ച തു പോലെ.
ഞാനറിഞ്ഞു എന്റെ തന്നെ മരണത്തെ ...
ഇനി നീണ്ടു നിവർന്നു കിടക്കാം.
പരാതികൾ കേൾക്കേണ്ട....
ഇഷ്ടകേടുകൾ എന്നെ ചുറ്റിപ്പറ്റി വൻമതിലുകൾ തീർക്കേണ്ട. കുടുംബത്തിലെ, അർഹതയില്ലാത്ത ആകഥാപാത്രം ഇതാ പിടിയിറങ്ങുന്നു - എന്നാ മനുഷ്യനോട് പറയണമെന്ന് തോന്നി.
പക്ഷെ...
പെട്ടെന്നുള്ള മരണം അദ്ദേഹത്തെ തളർത്തിയതാണോ, നാളെ എന്തെന്ന ചോദ്യത്തിൽ ഉത്തരം കിട്ടാത്തതാണോ ?
അറിയില്ല. സ്വതേ കുഴിഞ്ഞ കണ്ണുകൾ ഒന്നുകൂടി പിന്നിലേക്ക് വലിഞ്ഞിരിക്കുന്നു.

കംപ്യൂട്ടറിനു മുന്നിൽ നിന്നും എഴുന്നേറ്റ തൊഴിച്ചാൽ മാളൂന് എന്ത് മാറ്റം വരാനാണ്??
അടഞ്ഞ വാതിലിനു മുന്നിൽ ഒരായിരം തവണ വിളിച്ച് കൊടുക്കാൻ സ്നേഹവും ഭക്ഷണവും ഇനി പാഴ്സലാക്കാം...

അപ്പൊഴും നഷ്ടം മുഴുവനും എനിക്കാണ്. ഞാനും സ്നേഹിക്കപ്പെടുന്നു എന്നറിയും മുന്നേ എനിക്കു നിന്നെ നഷ്ടമായിരിക്കുന്നുവല്ലോ...!!
ഇനി ഞാനില്ല.
എങ്കിലും കഥകൾ പിന്നെയും ബാക്കിയാണു കേട്ടോ..
അതിലെ നിക്കു ദുഃഖമില്ല.
എനിക്കവസാനമായി നിന്നോടൊരു കാര്യം പറയാനുണ്ട്.
എന്റെ ആ വീടിനി ആർക്കും കൊടുക്കരുത് - വാടകക്കു പോലും .
ഓർമകൾക്കൊപ്പം അതും ചിതലരിക്കട്ടെ. കഴുക്കോലുകൾ തനിയെ നിലം പതിക്കട്ടെ....പിന്നെ നീ സ്വതന്ത്രമാകുക...

Comments

Popular posts from this blog

അവൾ

ഇഷ്ടം...

എനിക്കൊപ്പമെത്രദൂരം...