സുഗന്ധം പരത്തുന്ന ചിലർ...



മഴക്കാറുണ്ട്,
ഇരുട്ടിനെ വീണ്ടും തളർത്തുന്ന മേഘത്തിന്റെ കനംവും.
വൈകിയാൽ വരും വരെ ഇറയത്തു മഴ നനഞ്ഞമ്മ നിൽക്കുന്നുണ്ടാവും.
നടത്തത്തിനു വേഗം കൂടി ,
ഷാളിന്റെ തല കൊണ്ട് മുഖത്തെ നനവു തുടച്ചു. ഒന്നു തുമ്മിയാൽ പിന്നെ അതിനാവും. അല്ലെങ്കിൽ തന്നെ ഇന്ന് പതിവിലും വൈകി. 4.30ന്റെ ബസ്സു കിട്ടിയില്ലെന്നു പറഞ്ഞാൽ ദേഷ്യം വരും. നേരത്തേ ഇറങ്ങാൻ നോക്കാണ്ടല്ലേ ന്ന് പറഞ്ഞ്. ബസ്സ് ഇല്ലായിരുന്നു ന്ന് കളളം പറയാം. അതേ നിവർത്തിയുള്ളു.
ഒരു കള്ള ചിരി ചുണ്ടിൽ വന്നെത്തി നോക്കിയോ? അപ്പൊ ഇതൊന്നും വരാഞ്ഞാ മത്യാർന്നു.
നല്ല തണുപ്പല്ലെ എന്തായാലും അമ്മ ഇന്ന് ചായ ചൂടാറാതിരിക്കാൻ അടുപ്പിന്റെടു ത്തക്ക് വച്ച്ണ്ടാവും. ഇനിപ്പോ തണുത്താലും അമ്മടെ ചായകുടിക്കാൻ നല്ല രുചിയാ .
ഇന്ന് വൈകീട്ട് ഉമ്മറത്തിരിക്കാം, ഇടവഴിയിലെ ഗുൽമോഹറിന്റെ ഇതളുകൾ മുഴുവനും മുറ്റത്താവും ഉതിർന്ന് കിടക്കുന്നത് , പിന്നെ നേർത്ത മഴയും തണുപ്പും ... എഴുതാം.
കുറേ കാലമായി വാക്കുകൾ എന്നോട് സമരത്തിലാണ്, ഇന്നതിനൊരു സന്ധിയുണ്ടാക്കണം. മനസ്സിൽ ചിന്തകളുടെ കടലിരമ്പി.
നടപ്പൊന്നു കൂടി വേഗത്തിലാക്കിയാലോ?
തിരുവാണികാവെത്തിയ തേ ഉള്ളൂ.
മനക്കലെ പടി കഴിയണ വരെയെങ്കിലും ആരെയെങ്കിലും കൂട്ടിനു വേണമാരുന്നു. ഇരുട്ട് നന്നായി പടർന്നിരിക്കുന്നു. പേടി കൂടിവരുന്നു. വെറുതെയല്ല നേരം വൈകുമ്പോൾ അമ്മ ചീത്ത പറയാറ്. ഓട്ടോ വിളിക്കാർന്നു..! ഇനിയിപ്പോ ആലോചിച്ചു നിന്നിട്ടു കാര്യമില്ല. ഒരു ധൈര്യത്തിനങ്ങു നടന്നു. ചിലപ്പോൾ അമ്മ അനിയനെ വിടുമായിരിക്കും.
ഇരുളിൽ ഓരോ ചുവടു വയ്ക്കുമ്പോഴും ഇരുവശത്തുമുള്ള ആളൊഴിഞ്ഞ പറമ്പുകളും പാഴ്ചെടികളും , ആളൊഴിഞ്ഞ വഴിയും എന്നെ കൂടതൽ ഭയപ്പെടുത്തി കൊണ്ടിരുന്നു.
കൊഴിഞ്ഞു വീഴുന്ന ഓരോ ഭ്രാന്തി പൂവിതളുകളും മനക്കലെ തൊടി കഴിയാറായെന്ന ഓർമ്മപ്പെടുത്തലുമായി എന്റെ ധൈര്യം പകർന്നു.
നെടുവീർപ്പുകൾ വീണു, ഇനി വീടുകളുണ്ട്. അവിടൊക്കെ സന്ധ്യാ വിളക്കുകൾ അണഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇനി കുറച്ചു കൂടിയേ ഉള്ളൂ. അമ്മ ഉമ്മറത്തില്ലെങ്കിൽ ശബ്ദമുണ്ടാക്കാതെ ഇറയത്തു കയറി തലതുവർത്തിയിട്ടു വേണം,വിളിക്കാൻ.
മനസ്സിൽ വീണ്ടും ആ കള്ളച്ചിരി പടർന്നു.
അകലെ നിന്നേ കണ്ടു, ഉമ്മറത്ത് ലൈറ്റു പോലും ഇട്ടിട്ടില്ലാത്ത എന്റെ വീട്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ വാതിൽ തുറന്ന് അകത്തേക്കു കയറി. ആ നേരിയ പ്രകാശത്തിൽ ചുവരിൽ തറച്ച അമ്മയുടെ ചിത്രത്തിൻ കണ്ണുകൾ പതിഞ്ഞു.....
ഓർമ്മകൾ എന്നെ കളിയാക്കും പോലെ .
ലൈറ്റിട്ട് സെറ്റിയിലേക്കിരുന്നു..
നിലവിളക്കിന്റെ പടുതിരിനാളം കൊണ്ട് അമ്മയുടെ ഫോട്ടോയിൽ ഇരുളുൽ പടർന്നിരിക്കുന്നു. അല്ലെങ്കിലും കാലമെല്ലാം തിര ശ്ശീലക്കു പിന്നിലേക്കു പൊടുന്നന്നെ മാറ്റികളയുമല്ലോ?? പിന്നെ സുഗന്ധം മാത്രം പരക്കും ചുറ്റിനും , പണ്ടെങ്ങോ അനുഭവിച്ചറിഞ്ഞ മനുഷ്യരുടെ മണമുള്ള ഓർമ്മകൾ മാത്രമാകും ശേഷിപ്പ്.
ചിലർക്കേറെ സുഗന്ധമാണെന്ന് തോന്നുന്നു.
മറക്കാൻ കഴിയാതത്ര ആഴത്തിൽ നമ്മിൽ പടർന്നവർ ...

പ്രതിഭ. എസ്. പണിക്കർ

Comments

Popular posts from this blog

അവൾ

ഇഷ്ടം...

എനിക്കൊപ്പമെത്രദൂരം...