തിരിച്ചു വരാവുന്ന യാത്രകൾ :



ഉച്ചയോടടുക്കുന്ന സമയത്താണ് അമ്മ കയറി വന്നത്. നല്ല മെറൂൺ കളറിൽ ഇളം നിറത്തിലുള്ള പൂക്കളുള്ള, കഞ്ഞി പശ ചേർത്ത് വടി പോലെ നിൽക്കുന്ന സാരി. അത് ഞാൻ ഇതുവരെ അമ്മയുടെ കയ്യിൽ കണ്ടിട്ടു പോലുമില്ല. ഒരു പക്ഷെ പുതിയതായിരിക്കാം.
വന്ന പാടെ അഴിച്ചിട്ടിരുന്നു മുടി മാടി മുകളിലേക്ക് കെട്ടിവച്ചു. വിശേഷം പറച്ചിലിനൊപ്പം തലേന്നോ മറ്റോ അലക്കി വിരിച്ച, മഴ വന്നപ്പോൾ അകത്തേക്കിട്ട ഈറൻ മണക്കുന്നതുണികളപ്പാടെ എടുത്ത് പുറത്തെ അയയിൽ വിരിച്ചിട്ടു. എല്ലാം കഴിഞ്ഞ് അടുക്കളയിൽ കയറി ഒരു ചായയുമായി എനിക്കരികിൽ വന്ന് നെടുവീർപ്പിട്ടു. "ഞാനൊന്ന് മാറി നിന്നപ്പോഴേക്കും ആകെ അലങ്കോലമായല്ലോ..? "
ഒന്നും മിണ്ടാതെ അമ്മയെ തന്നെ നോക്കി, എന്തിനാണ് അമ്മ ഇത്ര ദിവസം മാറിനിന്നത്. :- എന്നു ചോദിക്കണമെന്നുണ്ട്. പക്ഷെ, പണ്ടെന്നോ പഠിപ്പിച്ച പാഠം - വല്ലാതെ സ്നേഹിക്കുന്നവർക്കു നേരെ വാക്കുകളിൽ മധുരം ചേർക്കരുത്. അമ്മതന്നെയാണ് പഠിപ്പിച്ചത് അത്. ചായ മുഴുവൻ കുടിച്ച് പതിവു പോലെ അടുക്കളയിൽ ഗ്ലാസു കഴുകാൻ കടന്നപ്പോൾ അമ്മ അത് വാങ്ങി - "ഇങ്ങു തന്നേക്ക് . നീ പോവാനൊരുങ്ങിയതല്ല. "
തിരികെ വരുമ്പോൾ ഒരു കിറ്റ് നിറയെ എന്തെല്ലാമോ എനിക്കു നീട്ടി -
"നിനക്കാണ്. അവിടെ ചെന്ന് അമ്മയെ ഏൽപ്പിച്ചോളൂട്ടോ!''
വണ്ടി വന്നു. പുറത്തേക്കിറങ്ങിയപ്പോഴേക്കും മഴ ചാറി വരുന്നു. അമ്മ ഓടിവന്ന് തുണികൾ വാരികൂട്ടി. ഒപ്പം ഞാനും കൂടി. അവ വീണ്ടും പഴയ സ്ഥലം കയ്യേറി.
"നീ പൊയ്ക്കോ. ഇനി ഞാനടക്കാം. "
ഇറങ്ങുമ്പോൾ ഒരു ചോദ്യം - 
"ഇനി എന്നാ വര്യാ "
ആ ചോദ്യം കേട്ടതിൽ പിന്നെ ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. എഴുന്നേറ്റിരുന്ന് കണ്ടതു മുഴുവൻ സ്വപ്നമായിരുന്നോ എന്ന് സ്വയം ചോദിച്ചു ആണെന്നും അല്ലെന്നും ഉത്തരം തരാതെ ആരാത്രി പതിയെ അരിച്ചിറങ്ങി.
പിറ്റേന്ന് ഒഴിവായതിനാൽ നേരെ വീട്ടിലേക്കു പോയി. മുറ്റം നിറയെ കരടുകൾ. അകത്ത് പതിവു പോലെ തുണികൾ ഓരോ ചെയറുകളും കയ്യടക്കി കൊണ്ടിരിക്കുന്നു. അതിൽ മുഷിഞ്ഞതും മുഷിയാത്തതും വേർതിരിക്കാൻ തന്നെ പാടാ. അടുക്കളയിൽ തലേന്നു വച്ച ചോറിന്റെ പാത്രം അവശിഷ്ടങ്ങളുമായി തുറന്നിരിക്കുന്നു.
"നീ എപ്പഴാ വന്നേ?"
ഞാൻ വന്നത് കണ്ട് ഉറക്കച്ചടവോടെ എഴുന്നേറ്റു വരുന്ന അനിയൻ .:
" ഇപ്പ എഴുന്നേൽക്കുന്നേ ഉള്ളോ ?
പതിനൊന്നു കഴിഞ്ഞല്ലോ.?"
അവൻ ഒന്നും പറയാതെ ബ്രഷുമെടുത്ത് പുറത്തേക്കിറങ്ങി.
പിന്നെ സിറ്റൗട്ടിൽ കിടക്കു പത്രം എടുത്ത് കട്ടൻ ചായയുടെ കനപ്പോടെ വാർത്തകളിൽ മുഴുകി.
" അച്ചയോ?'
" ഇന്നു നേരത്തേ പോണംന്ന് പറഞ്ഞിണ്ടാർന്നു. പോയിട്ട്ണ്ടാവും'?"
ഉച്ചയൂണു കഴിക്കുന്നതിനിടെ ഞാനവനോടു പറഞ്ഞു. -
" ഇന്നലെ അമ്മയെ സ്വപ്നം കണ്ടു "
"എന്താ കണ്ടേ ?"
" അമ്മ എവിടേക്കോ പോയിട്ട് കുറച്ചു കാലത്തിനു ശേഷം നമ്മുടെ അടുത്തേക്ക് തിരിച്ചു വരുന്നത്."
അവൻ ഊണു മതിയാക്കി എഴുന്നേറ്റു. 
പിറകെ ഞാനും. ഷോകേസിൽ വച്ച അമ്മയുടെ ഫോട്ടോയിൽ ചിരി നിഴലിച്ചിരുന്നു. നിസംഗതയിൽ മരവിച്ചി രിക്കുന്ന എല്ലാം കണ്ടിട്ടും ഒന്നും ചെയ്യാനാവാത്തതിൽനിന്നും ഉടലെടുക്കുന്ന ചിരി....
പണ്ട് വീൽ ചെയറിനോട് - നടക്കാനുള്ള ആഗ്രഹം പറഞ്ഞു തീർക്കുമ്പോഴും അമ്മയുടെ ചുണ്ടിൽ ഇതേ ചിരി ഉണ്ടാ വാറുണ്ട്.
യാത്രപറയാതെ തിരിച്ചിറങ്ങുമ്പോൾ മാത്രം ഞാനാ ചോദ്യം വീണ്ടും കേട്ടു -
"ഇന്നി എന്നാ വ ര്യാ!"
ചോദിച്ചത് അവനാണെന്ന് മാത്രം.
ശൂന്യതകൾക്കു നടുവിൽ ഒരു കടും ശൂന്യതയായി മാറുന്ന അവനെ ചേർത്തു നിറുത്തണമെന്നുണ്ടെങ്കിലും തിരിഞ്ഞു പോലും നോക്കാറില്ല ഉണ്ടെങ്കിൽ ഒരു പക്ഷെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകും...
ബുദ്ധിപൂർവ്വ മായ ചില വിട പറയലുകൾ.!
മടക്കയാത്രയിൽ ഞാൻ ചിന്തിച്ചു മരണം ഒരു വിരുന്നു പോകാണെങ്കിൽ എന്ന് ,
ഒരു ച്ചമയക്കത്തിൽ തിരിച്ചെത്തണമെന്ന തോന്നലിൽ തീരാവുന്ന ഒരു വിനോദ യാത്ര...

പ്രതിഭ.എസ്. പണിക്കർ.

Comments

Popular posts from this blog

അവൾ

ഇഷ്ടം...

എനിക്കൊപ്പമെത്രദൂരം...